Sunday, 8 October 2017

2013 ലെ ഡയറിക്കുറുപ്പുകളിൽ നിന്ന്



പ്രിയപ്പെട്ട ... കൗമാരത്തിന്റെ  നിറങ്ങൾ  ഒഴുകുന്ന പുഴയിൽ എന്റെ സ്വപ്നങ്ങളെ  ഒഴുക്കി വിട്ട്  കാലത്തിന്റെ ഓളങ്ങളിലൂടെ  അത് നിന്നിലേക്ക്‌ ഒഴുകി എത്തും എന്ന പ്രതീക്ഷയോടെ എത്ര നാൾ  ഞാൻ കാത്തിരുന്നതാണ് .. വാക്കുകൾ ഇല്ലാത്ത കവിത പോലെ , നിറങ്ങൾ ഇല്ലാത്ത ചിത്രം പോലെ അവ്യക്തമായ്‌  നീയെന്നിൽ പ്രണയം നിറച്ചുകൊണ്ടിരുന്നു ..ഇരവിന്റെ  കറുത്ത ചിരിയിലും ,പകലിന്റെ പൊള്ളുന്ന ചൂടിലും നീ വരയ്ക്കുന്ന സൗന്ദര്യം  വെറും മിഥ്യയാണെന്ന് എന്റെ മനസ്സ് പലപ്പോഴും  പറഞ്ഞെങ്കിലും , ചില സന്ധ്യകളിൽ മഴമെഖങ്ങൾക്കിടയിലൂടെ നിന്റെ രൂപം എന്നെ വീണ്ടും ഒരു സ്വപ്നജീവിയായ്  മാറ്റികൊണ്ടിരുന്നു ... മുഖമില്ലാത്ത , ഹൃദയമില്ലാത്ത നീയെന്ന കാവ്യത്തിന്റെ പൊരുൾ  അറിയാതെ നിന്നെ ഞാൻ പ്രണയിച്ചു കൊണ്ടിരുന്നു .. പ്രണയം നിരർത്ഥമായ രണ്ടക്ഷരങ്ങൾ മാത്രമാണെന്ന് പിന്നീട്  വന്ന പകലുകൾ എന്നോട് പറഞ്ഞു ... എന്നിൽ നീയെന്ന സൗന്ദര്യത്തെ  കാർന്നു  തിന്നു കൊണ്ടിരുന്ന അറിവെന്ന വൃദ്ധനോട് എനിക്ക് ഈർഷ്യ തോന്നിയെങ്കിലും , എന്റെ ബാല്യകൗമാര ദിശയിൽ വിരിഞ്ഞ നിറമില്ലാത്ത  പനിനീർ പൂവിനോട് യാത്ര പറഞ്ഞ് ഞാൻ നീങ്ങി .... എന്നാൽ ഇന്ന് , സങ്കല്പ്പങ്ങളുടെയും , സ്വപങ്ങളുടെയും ഊന്നു വടിയില്ലാതെ നീ എന്റെ മുൻപിൽ നിൽക്കുന്നു.. മിഥ്യയുടെ മറ നീക്കി  , യാഥാർത്ഥ്യത്തിന്റെ  തീരത്തേക്ക് നീ വന്നപ്പോൾ ആദ്യം ഞാൻ ഒന്ന്  പകച്ചു.. എന്നിൽ പുതുമയുടെ  മണമുള്ള ചിന്തയായ്‌ നീ നിറഞ്ഞപ്പോൾ  മനസ്സിൽ പിന്നെയും നേരിയ ഒരു ശങ്ക .. പക്ഷെ ഇന്ന് ,അലസതയോടെ മിടിക്കുന്ന ചുവന്ന  ഹൃദയത്തിൽ പ്രണത്തിന്റെ  പവിഴപ്പുറ്റുകൾ ഇപ്പോഴും നിനക്കായ് ഉണ്ടെന്നു  നീ എന്നോട് പറഞ്ഞു .. ഞാൻ അന്ന് ഉപേക്ഷിച്ച പനിനീര്പ്പൂവിന്റെ നേർത്ത സുഗന്ധം നിന്റെതെന്ന് ഞാൻ തിരിച്ചറിയാൻ തുടങ്ങിയപ്പോൾ പ്രണയം എന്നെ  പിന്നെയും ഒരു സ്വപ്നജീവിയാക്കുന്നു .. നിന്നെ നഷ്ട്ടമായെന്നു തോന്നിയ ആ നിമിഷം ശൂന്യത , വെളിച്ച തിന്റെ  ഓരോ കണികയും കവർന്നെടുത്തുകൊണ്ട്  എന്നോട് പറഞ്ഞു ,ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് ..   നിന്റെ  നന്മ , നിന്റെ മുഖപ്രസാദം ,നിന്റെ ചിരിയിലെ പ്രണയം , എല്ലാം ഞാൻ ഇന്നറിയുന്നു ... നിന്റെ ജീവിതമെന്ന അപൂർണ്ണമായ ചിത്രത്തെ ഞാൻ മനൊഹരമാക്കുമെന്ന് നീ പറയുന്നു .. നീ കൂടെ ഉണ്ടെങ്കിൽ ,പാതി മെനഞ്ഞ കാവ്യങ്ങൾ പൂർണ്ണതയുടെ   വെളിച്ചം കാണുമെന്നു നീ പറയുന്നു .. ഇതൊന്നും സത്യമെന്നോ മിഥ്യയെന്നോ ഞാൻ പറയില്ല . ഇനിയുള്ള രാവുകളിൽ നിന്റെ നെഞ്ചിൽ മുഖമമർത്തി , എന്റെ താരാട്ടിൽ നിന്റെ കണ്ണുകളെ നിദ്ര പുണരുന്നതും നോക്കി ഇരിക്കുവാനാണെനിക്കിഷ്ട്ടം .നിന്റെ സുഖത്തിന്റെയും ദുഖത്തിന്റെയും ഒരു പങ്കു എനിക്കാണെന്നുള്ള ചെറിയ ഒരഹങ്കാരതിന്റെ സുഖവുമായി ..പ്രാർത്ഥനയോടെ ... സ്വന്തം   

No comments:

Post a Comment