Wednesday, 27 November 2013

എന്റെ അമ്മയുടെ അമ്മമാര്‍

                കുറച്ചു കാലങ്ങളായ് മനസ്സില്‍ ചില മുഖങ്ങള്‍ ഒരു ചെറിയ തേങ്ങലുണ്ടാക്കികൊണ്ട് തിളങ്ങി നില്‍ക്കുന്നു .. . മറവിയുടെ വെയിലിലും വാടാതെ കണ്ണിലേക്ക് നനവ് പടര്‍ത്തുന്ന ചില മുഖങ്ങള്‍ ! എന്നാലും ,ഓര്‍മകള്‍ക്ക്, വേര്‍പാടിന്റെ രസമായതിനാല്‍, മറവിയിലേക്ക് മനപ്പൂര്‍വം തള്ളി വിടാന്‍ മനസ്സിനെ പ്രേരിപ്പിക്കുന്ന ചില മുഖങ്ങള്‍ .

                      അവലോന്നാണ് എന്റെ അയല്‍പക്കത്തെ പാത്തുമ്മ താത്തയുടെ ഉമ്മ!! നൂറു വയസ്സു തികഞ്ഞപ്പോലാണ് ഉമ്മ മരിച്ചത് !! കോളേജില്‍ നിന്ന് ലീവ് കിട്ടുമ്പോള്‍, വീട്ടിലേക്ക് , അല്ല , അടുക്കളയിലെ അമ്മയുടെ വിഭവങ്ങളിലേക്ക് കൊതിയൊടെ കുതിക്കുമ്പോള്‍, ചിലപ്പോള്‍ ഉമ്മയെ കാണാന്‍ പോകാന്‍ ഞാന്‍ മറക്കാറുണ്ട് .അങ്ങനെ സംഭവിച്ചാല്‍ ,ഒരൂന്നു വടിയും പിടിച്ച് വാര്‍ധക്യം സമ്മാനിച്ച മുടന്തുമായ് മെല്ലെ മെല്ലെ നടന്നു എന്നെ കാണാന്‍ വരുന്നത് ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നു .."ഇമ്മാട്ടി എന്താ ഉമ്മയെ കാണാന്‍ ബാരാത്തത് ?(ഈ "ഇമ്മാട്ടി " എന്ന വാക്കിന്റെ അര്‍ത്ഥം ഇപ്പോഴും എനിക്കറിഞ്ഞൂടാ ..കുട്ടി എന്നായിരിക്കുമെന്ന് അനുമാനിക്കാം). എന്നത് ഒരു സ്ഥിരം ചോദ്യമായിരുന്നു ..

                     എനിക്കിവിടെ ജോലി കിട്ടിയപ്പോഴേക്കും ഉമ്മയുടെ ആരോഗ്യ സ്ഥിതി മോശമാകാന്‍ തുടങ്ങിയിരുന്നു..അങ്ങനെ ഇരിക്കുമ്പോള്‍ ഒരിക്കല്‍ ഉമ്മ പറഞ്ഞു "ഇമ്മാട്ടി ഇനി പടിച്ചണ്ട ..പെട്ട്ന്ന് ഒരു ചെക്കനെ കണ്ടു പിടിച്ചു നിക്കാഹ് കഴിക്ക് ..ഇമ്മാട്ടീടെ ചെക്കനെ എനിക്കും കാണണം.പിന്നീടുള്ള രണ്ടു മാസം DEV square ഉമായുള്ള മല്പിടുത്തമായിരുന്നു . ഇടയ്ക്കെപ്പോഴോ അമ്മയുടെ ഫോണ്‍ " ഉമ്മ മരിച്ചു" എന്റെ ചുവന്ന TAG കറുപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ പോകാന്‍ കഴിഞ്ഞില്ല.ഒന്ന് രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് പിന്നീട് ഞാന്‍ ഉമ്മയുടെ വീട്ടില്‍ പോയത്. വീട് ഒഴിഞ്ഞു കിടക്കുന്നിരുന്നു .പാത്തുമ്മ താത്ത മകന്റെ കൂടെയാണ് ഇപ്പോള്‍ താമസം .. തിരിഞ്ഞു നടന്നപോള്‍ ഇമ്മാട്ടി എന്ന വിളി കേള്‍ക്കാന്‍ വെറുതെ ആഗ്രഹിച്ചു പോയി ഒരു നിമിഷം.. പലതും , മനസ്സിനെ അസ്വസ്ഥമാക്കുന്നു എന്ന് തോന്നിയപ്പോള്‍ വീടിലേക്ക്‌ തിരിച്ചു നടന്നു ..

             അങ്ങനെ വീടിലെത്തിയപ്പോള്‍ ദേ നില്‍ക്കുന്നു പൌലോസേടത്തി..(ചേടത്തിയുടെ പേര് ഏലിയാമ്മ എന്നാണ് .പക്ഷെ പൗലോസേട്ടന്റെ ഭാര്യയായത് കൊണ്ട് ഈ പേരിലാണ് അറിയപ്പെടുന്നത്..) 70 വയസ്സ് പ്രായം. പൌലോസേടത്തിയുടെ സൗന്ദര്യം പലപ്പോഴും എന്റെയും അമ്മയുടെയും സoസാരവിഷയമാകാറുണ്ട്.. ചേടത്തിയും ഞാനും തമ്മില്‍ പഴയ ഒരു ചട്ടേം മുണ്ടും ബന്ധമുണ്ട്..

(ഞാന്‍ എഴാം ക്ലാസ്സിലോ മറ്റോ ആണ്..പ്രച്ഛന്ന വേഷത്തിനു ഒരു കുശുംബിയായ അമ്മായിയമ്മ ആകാന്‍ ഞാന്‍ തീരുമാനിച്ചു (ഭാവങ്ങളൊന്നും അഭിനയിക്കേണ്ടി വരില്ലല്ലോ) .അതിന്റെ ഫലമായ് ചേടത്തിയുടെ ചട്ടേം മുണ്ടും കടം വാങ്ങി..തകര്‍ത്തങ്ങു അഭിനയിച്ച്‌ ഒരു 3rd prize ഉം കിട്ടി കേട്ടോ..എല്ലാം കഴിഞ്ഞ്പ്പോള് അമ്മ അത് മനോഹരമായ് അലക്കി സംഭവം തിരിച്ചു എന്നോട് കൈയ്യോടെ കൊണ്ട് കൊടുത്തേക്കാനും പറഞ്ഞു ...ഞാന്‍ സ്നേഹത്തോടെയും കൃതജ്ഞതയോടെയും ആ മനോഹരമായ വസ്ത്രം എടുത്ത് വക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സ് പറഞ്ഞു "ആനൂ ഒന്നിസ്തിരി ഇട്ടു കൊടുത്തൂടെ ..ചേടത്തിക്ക് സന്തോഷമാകുമല്ലോ" എന്ന് ..അങ്ങനെ ചിരിക്കുന്ന ചേട്ടത്തിയുടെ മുഖം മനസ്സിലോര്‍ത്ത് iron ബോക്സ്‌ ചൂടാക്കി അങ്ങ് വച്ചു .. ഒരു triangle shapel ഇസ്തിരി പെട്ടിയോടു ചേര്‍ന്നിരിക്കുന്ന തുണി കഷണം കണ്ടു ഞാന്‍ ഞെട്ടി...അമ്മയോട് പറയാന്‍ ധൈര്യമില്ല..ചുട്ട അടി കിട്ടുമെന്നുറപ്പ്.. പെട്ടന്നാണ് മനസ്സില്‍ ഐഡിയ മണി മുഴങ്ങിയത് .. അച്ഛന്റെ മുണ്ടിന്റെ (പുതിയതാണോ എന്നറിയില്ല) ഒരു ചെറിയ കഷണം മുറിച്ചെടുത്ത് fevicol കൊണ്ട് മടക്കി ഭംഗിയായ്‌ ഉരുകിയ ഭാഗത്ത്‌ ഒട്ടിച്ചു, തിരിച്ചു കൊടുത്തു...പിന്നെ ഞാന്‍ ആ ഭാഗത്തേക്ക് പോയിട്ടില്ല ..)

പിന്നീട് വീട്ടില്‍ ചേടത്തി വരുമ്പോഴെല്ലാം ദ്രുത ഗതിയില് ചലിക്കുന്ന ഹൃദയത്തോടെ "അമ്മേ ഞാന്‍ പഠിക്കാന്‍ പോകുകയാണെന്നും പറഞ്ഞു ഞാന്‍ എന്റെ റൂമില്‍ കയറും .അവര്‍ പോയി കഴിഞ്ഞാല്‍ പുറത്തിറങ്ങും..ഫെവികോള്‍ കൊണ്ട് ഡിസൈന് ചെയ്ത ചട്ടേം മുണ്ടിനേം പറ്റി ഇതുവരെ ചേടത്തി അമ്മയോട് പറഞ്ഞിട്ടില്ല...പിന്നെ പല തവണ കണ്ടെങ്കിലും ചേടത്തി , ചട്ടേം മുണ്ടിന്റെം കാര്യം മറന്നത് പോലെ തോന്നിച്ചു.. ക്രമേണെ ഞാനും അത് മറന്നു...

ഞാന്‍ കയറി ചെന്നപ്പോള്‍ ചേടത്തി ചെറുപ്പത്തിലെ എന്റെ വീര ഗാഥകള് പറയുകയാണ്..പിന്നെ എന്നോട് പറഞ്ഞു ..."ഞാന്‍ ജാന്‍സിയുടെ കുട്ടികളുടെ അടുത്തേക്ക് പൊകുകയാണ്(ചേടത്തിയുടെ മകള്‍ ജാന്‍സി ചേച്ചി ഒരു accident ഇല്‍ മരിച്ചു ..അവരുടെ മക്കളെ നോക്കാനാണ് ചേടത്തി പോകുന്നത്).അതുകൊണ്ട് അമ്മയെ ഒന്ന് കാണാന്‍ വന്നതാണ്..ഇനി എപ്പോഴും കാണാന്‍ പറ്റില്ലല്ലോ ..മറക്കരുത് ട്ടോ അനു മോളെ ..കല്യാണത്തിനു വിളിക്കണം..." എനിക്ക് വിഷമം തോന്നി ...പോകാന്‍ നേരമായപ്പോള്‍ ഒരു ചോദ്യം ...."അനു മോള്‍ക്ക് അന്ന് എന്റെ ചട്ടേം മുണ്ടും ഉടുത്തുള്ള മത്സരത്തിനു സമ്മാനം കിട്ടിയോ" .... യ്യോ പോയി ....ഞാന്‍ ഞെട്ടലോടെ ചേടത്തിയെ നോക്കി ...ആ കണ്ണിലെ ഏതോ ഒരു ഭാവം എന്നെ ചിരിപ്പിച്ചു ...പിന്നീടു ചേടത്തിയും ഞാനും ഒരുപാടു ചിരിച്ചു ..അമ്മയ്ക്കപോഴും ഒന്നും മനസ്സിലായില്ല ....ഭാഗ്യം....

3 comments:

  1. ഇത് വായിക്കുമ്പോൾ വൈലോപ്പിള്ളിയുടെ മാമ്പഴത്തിലെ വരികൾ ഓർമ വന്നു.
    "വാക്കുകൾ കൂട്ടി ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലൊ നിങ്ങൾ."

    ReplyDelete
  2. ROFL...I was literally laughing reading this

    ReplyDelete